Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലി എൽഡിഎഫിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പദ്ധതിയിൽനിന്നു പിന്മാറണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചു നിൽക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു സിപിഐ മന്ത്രിമാരെ പിൻവലിക്കാനുള്ള കടുത്ത നിലപാടിലാണ് സിപിഐ നേതൃത്വം.
മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാതെ മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നാണ് സിപിഐ യുടെ ആരോപണം. തങ്ങളുടെ ആതമാഭിമാനത്തിനേറ്റ മുറിവാണ്. സിപിഐ സംസ്ഥാന നേതൃത്യത്തിനോടു പോലും ചർച്ച ചെയ്യാതെ ഇടതുനയങ്ങൾക്ക് വിരുദ്ധമായാണ് ധാരണാപത്രത്തിൽ അതീവ രഹസ്യമായി ഒപ്പിട്ടതെന്നാണു സിപിഐ പറയുന്നത്.
പിണങ്ങി നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതായി കാട്ടി കേന്ദ്രത്തിനു കത്ത് നൽകണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച തീരുമാനിച്ചത്.
അതേസമയം ധാരണാപത്രത്തിൽ ഒപ്പിട്ടതിനെച്ചൊല്ലി വിചിത്ര ന്യായീകരണങ്ങളാണ് മന്ത്രി വി. ശിവൻകുട്ടി നിരത്തുന്നത്. ഒപ്പിട്ടതു പേരിനുവേണ്ടി മാത്രമാണെന്നാണ് മന്ത്രി ന്യായീകരിച്ചത്.
എൻഇപി നടപ്പാക്കില്ലെന്ന് മന്ത്രി പറയുന്നു. സിപിഐ യെ പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് മന്ത്രി ശിവൻകുട്ടിയുടെ വാദങ്ങൾ. ദേശാഭിമാനി പത്രത്തിൽ ഒപ്പിട്ടതിനെ ന്യായീകരിച്ചു ശിവൻകുട്ടി ലേഖനം എഴുതിയിട്ടുണ്ട്. പാർട്ടിയുടെ മലക്കംമറിച്ചിലിൽ സിപിഎമ്മിലെ അണികൾക്കും നേതാക്കൾക്കും അമർഷം ഉണ്ട്.
Kerala
തിരുവനന്തപുരം: പിഎം ശ്രീയിൽ ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങൾ ശബരിമല സ്വര്‍ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. സ്കൂളുകളെ മികവുറ്റ കേന്ദ്രമാക്കാനുള്ള പദ്ധതിയാണ്. അഞ്ചുവര്‍ഷം അത് നടപ്പാക്കാതെ വെച്ചു. ഏറ്റവുമൊടുവിൽ ഒപ്പുവച്ചിട്ട് സിപിഎം-സിപിഐ പരസ്പരം പഴിചാരൽ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെടുമെന്നും ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സമരം തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി സിപിഐ. പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന നേതാക്കളുടെ അഭിപ്രായത്തെത്തുടര്‍ന്ന് മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചു.
മന്ത്രിമാരായ കെ.രാജനും പി.പ്രസാദും ജി.ആര്. അനിലും ചിഞ്ചുറാണിയുമാണ് രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ എന്തിനും തയാറാണെന്നാണ് മന്ത്രിമാരും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തുടക്കം കുറിച്ച പദ്ധതികളുടെ ഫയല്‍ വര്‍ക്കുകള്‍ വേഗത്തിലാക്കാന്‍ നാലു മന്ത്രിമാരും തങ്ങളുടെ ഓഫീസ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന കേന്ദ്ര സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ സർക്കാർ നടപടിക്കെതിരേ കനത്ത രോക്ഷമാണ് ഉയർന്നത്. പിഎം ശ്രീയിൽ ഒപ്പിട്ടു എന്നു മാത്രമായി വിഷയത്തെ ചുരുക്കേണ്ടെന്നും ബിജെപിയുടെ നയങ്ങൾ അംഗീകരിക്കുന്നവരായി എൽഡിഎഫ് സർക്കാർ മാറിയതിനെതിരേയാണ് പ്രതികരിക്കേണ്ടതെന്നുമുള്ള വികാരമാണ് യോഗങ്ങളിൽ ഉണ്ടായത്.
കേരളത്തിൽനിന്നുള്ള കെ. പ്രകാശ് ബാബുവാണ് നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചത്. വിഷയത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് ആലപ്പുഴയിൽ നടക്കുകയാണ്. യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നു തന്നെയാണ് സൂചന. മന്ത്രിമാരെ പിൻവലിക്കുമോ അതോ മുന്നണിയിൽ നിന്നുതന്നെ മാറിനിൽക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകും: ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ആശയപരമായും നയപരമായും മുന്നോട്ട് പോകും. മുഖ്യമന്ത്രി തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വിളിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിപിഐ നിലപാടുകള്‍ ഉള്ള പാര്‍ട്ടി: മന്ത്രി കെ.രാജന്
തിരുവനന്തപുരം: പിഎം ശ്രീക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നു മന്ത്രി കെ. രാജന്. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാര്‍ട്ടിയുടെ നിലപാടുകള്‍ എല്ലാം സംസ്ഥാന സെക്രട്ടറി പറയും.
എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് സിപിഐക്കു കൃത്യമായ നിലപാടും ധാരണയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തുടങ്ങി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ എതിര്‍പ്പ് പരിഹരിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം എകെജി സെന്ററില്‍ രാവിലെ തുടങ്ങി. പ്രശ്നപരിഹാരത്തിനാണ് യോഗമെന്നു സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. മന്ത്രിമാരെ ഉള്‍പ്പെടെ പിന്‍വലിക്കാനുള്ള കടുത്ത നിലപാടുമായി സിപിഐ മുന്നോട്ട് പോകുന്നതിനിടെയാണ് സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് കൂടുന്നത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദം ഇടതുമുന്നണിയിൽ കത്തുന്നതിനിടെ സിലബസിൽ മലക്കം മറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.
കേരള സിലബസിന്റെ അടിസ്ഥാനത്തിൽ, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുടർന്നും നൽകുകയെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ് താവന രാഷ് ട്രീയലക്ഷ്യംവച്ചുള്ളതാണ്. കേരളത്തിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതിനാലാണ് ഇത്തരം പ്രസ്താവന നടത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുള്ള ഫണ്ട് വിനിയോഗിക്കാനാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്രസർക്കാരിന് അടിയറവയ്ക്കാനല്ല.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്രസത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവാറിനെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവച്ചതിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം. പദ്ധതിയിൽ ഒപ്പുവച്ച വാർത്ത അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമാണെന്നും ഇത് മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനു വഴങ്ങുന്നത് സംസ്ഥാനത്തിന്റെ ഫെഡറൽ ജനാധിപത്യം അടിയറ വയ്ക്കുന്ന നടപടിയാണ്. പദ്ധതി സംബന്ധിച്ച് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ രണ്ടുതവണ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ, ചർച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളും അട്ടിമറിക്കുന്ന നടപടിയാണ് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്നതിലൂടെ ഉണ്ടായത്. അത് വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണെന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സിപിഐ പോലും അറിയാതെയാണ് പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോദിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് ഒപ്പുവച്ചത്. സിപിഎം- ബിജെപി ബന്ധത്തിന് ഇടനിലയായിരിക്കുകയാണ് പിഎം ശ്രീയെന്നും സതീശൻ കൂട്ടിച്ചേർത്തു.
സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണ്. നിബന്ധനകളിൽ എതിർപ്പ് അറിയിക്കാതെയാണ് ഒപ്പ് വച്ചിരിക്കുന്നത്. ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കിയില്ല. സിപിഐയേക്കാൾ വലുതാണ് സിപിഎമ്മിന് ബിജെപി എന്ന് തെളിയിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി ഇടതു മുന്നണിയിൽ പൊട്ടിത്തെറി. സിപിഐയുടെ കടുത്ത എതിർപ്പിനു പുല്ലുവില നൽകി വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചതാണ് ഇടതുമുന്നണിയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്.
സിപിഐ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് സിപിഎം വിഷയം കൈകാര്യം ചെയ്തതെന്ന വികാരമാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. ഒരു ഘടകകക്ഷിയോടു കാണിക്കേണ്ട യാതൊരു മര്യാദയും പ്രകടിപ്പിക്കാതെ സിപിഎം പിഎംശ്രീയിൽ ഒപ്പുവച്ചതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. മന്ത്രിസഭായോഗത്തിലും പരസ്യമായും പദ്ധതിയോടുള്ളഎതിർപ്പ് സിപിഐ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇടതു മുന്നണിയിൽ ചർച്ച ചെയ്യാൻ സിപിഎം തയാറായില്ല.ആർജെഡിക്കും നീരസം
ഇടതു മുന്നണിയിലുള്ള ആർജെഡിയും ഇക്കാര്യത്തിൽ നീരസം പരസ്യമായി പ്രകടിപ്പിച്ചു. പദ്ധതി സംബന്ധിച്ച് ഇടതുമുന്നണിയിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആർജെഡിയും തുറന്നടിച്ചു. രാവിലെ മാധ്യമങ്ങളെ കണ്ട മന്ത്രി കെ.രാജൻ പാർട്ടിയുടെ നിലപാട് സെക്രട്ടറി ബിനോയി വിശ്വം പറയുമെന്നാണ് അറിയിച്ചത്.
ഇതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട സന്തോഷ്കുമാർ എംപി കടുത്ത വിമർശനമാണ് സിപിഎമ്മിനെതിരേ ഉയർത്തിയത്. ഗോളി തന്നെ ഗോൾ അടിക്കുന്ന ഇടപാടാണ് നടന്നത്, മുന്നണിമര്യാദയുടെ ലംഘനം, തലയിൽ മുണ്ടിട്ടുപോയി ഒപ്പിട്ടു എന്നിങ്ങനെ രൂക്ഷമായ പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്.
എഐഎസ്എഫ് രംഗത്ത്
സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടു വിമർശിച്ചു രംഗത്തുവന്നു. വഞ്ചനാപരമായ നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്നായിരുന്നു അവരുടെ വിമർശനം. ഇതിനിടെ. സിപിഐ അടിയന്തര യോഗം ചേർന്നേക്കുമെന്നു സൂചനയുണ്ട്.
ഒപ്പം ഇടതുമുന്നണിയിലെ മറ്റു കക്ഷികളുമായും സംസാരിക്കും. തുടർന്ന് എതിർപ്പ് മുഖ്യമന്ത്രിയെ അറിയിക്കാനാണ് നീക്കം. വിഷയത്തിൽ സിപിഐ സെക്രട്ടറി മാധ്യമങ്ങളെ കാണും. വൈകുന്നേരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിക്കുകയാണ് വിദ്യാഭ്യാസമന്ത്രിയുടെ ലക്ഷ്യമെന്നു കരുതുന്നു.
ഞെട്ടലിൽ ഇടതുകേന്ദ്രങ്ങൾ
അതേസമയം, തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സമയത്ത് മുന്നണിയിലുണ്ടായ കലഹം ഇടതുകേന്ദ്രങ്ങളെ അന്പരപ്പിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്തും പരസ്പരം സംസാരിച്ചും തീർക്കുന്നതിനു പകരം പ്രകോപനപരമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോയതെന്ന ആക്ഷേപമാണ് ഉയരുന്നത്.
എടുത്തുചാടി പിഎംശ്രീയിൽ വിദ്യാഭ്യാസവകുപ്പ് ഒപ്പിടുമെന്ന് സിപിഐ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ചർച്ചയ്ക്കോ സമവായത്തിനോ ശ്രമിക്കാതെ പ്രകോപനപരമായ രീതിയിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടികളെടുത്തതെന്ന നിഗമനത്തിൽ ഒട്ടും വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലേക്കു നീങ്ങിയിരിക്കുകയാണ് സിപിഐ.
സിപിഎമ്മിനേക്കാൾ ഭേദം കോൺഗ്രസ് ആണെന്ന ഗൗരവതരമായ അഭിപ്രായങ്ങൾ പോലും സിപിഐ യോഗത്തിൽ ഉയർന്നെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
Kerala
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവച്ച വിദ്യാഭ്യാസവകുപ്പിന്റെ നടപടിയിൽ സിപിഐക്ക് കടുത്ത അതൃപ്തി. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും.
മുഖ്യമന്ത്രിയെ കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചർച്ച നടത്തും. പ്രതിഷേധം കണക്കിലെടുക്കാതെ ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിക്കെതിരെ തെരുവിൽ വ്യാപക സമരം നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കാൻ ഇടയായ സാഹചര്യം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വിശദീകരിക്കും.
Kerala
ന്യൂഡൽഹി: പിഎം ശ്രീ വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടും. സിപിഐ ഉയർത്തിയ വിമർശനം അടക്കം എൽഡിഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ കേന്ദ്രനിലപാട് ഒരു കാരണവശാലും കേരളം അംഗീകരിക്കില്ല. വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് മോദി സർക്കാർ. കേന്ദ്രനയം അംഗീകരിക്കാതെ എങ്ങനെ പദ്ധതിയുടെ ഗുണം സംസ്ഥാനത്തിന് ലഭ്യമാക്കും എന്നാണ് നോക്കുന്നതെന്നും എം.എ. ബേബി വ്യക്തമാക്കി.